സങ്കീര്‍ത്തങ്ങള്‍ ആരാധനയില്‍

        കീര്‍ത്തനം എന്ന പദത്തിന് കീര്‍ത്തിക്കുന്ന ഗാനം എന്ന് അര്‍ത്ഥം നല്‍കാം. തുടക്കത്തില്‍ സ ചേര്‍ക്കുന്നത് നല്ല എന്ന അര്‍ഥത്തിലാണെന്ന് കരുതണം. അങ്ങനെയാണെങ്കില്‍ സങ്കീര്‍ത്തനം എന്ന പദത്തിന് ദൈവത്തെ കീര്‍ത്തിക്കുന്ന നല്ല ഗാനങ്ങള്‍ എന്ന് അര്‍ത്ഥം നല്‍കാം.    ഗ്രീക്കിലെ psalmos എന്ന വാക്കില്‍ നിന്നാണ് ഇംഗ്ലീഷിലെ psalm വന്നിരിക്കുന്നത്. ഒരു സംഗീതോപകരണം ഉപയോഗിച്ച് പാടുന്നതുമായി ബന്ധപ്പെട്ടതാണ് ആ പദം. ഗ്രീക്കിലെ hymnos എന്ന വാക്കില്‍ നിന്നാണ് ഇംഗ്ലീഷിലെ hymn എന്ന വാക്ക് വന്നിരിക്കുന്നത്. ദൈവത്തെ കീര്‍ത്തിക്കുന്ന ഗാനം എന്നാണ് അതിന്‍റെ അര്‍ത്ഥം.   സുറിയാനിയില്‍ സ്മാര്‍ എന്നാല്‍ പാടുക എന്നര്‍ത്ഥം. മസ്മൂറ എന്നാല്‍ പാട്ട് എന്നും. പടിഞ്ഞാറന്‍ സുറിയാനിയില്‍ മസ്മൂറോ  എന്നാണ് സങ്കീര്‍ത്തനത്തെ വിളിക്കുന്നത്.
      ഗദ്യം മനസിന്‍റെ ഭാഷയാണെങ്കില്‍ പദ്യം ഹൃദയത്തിന്‍റെ ഭാഷയാണ്. എല്ലാ മതങ്ങളിലും കീര്‍ത്തനങ്ങള്‍ ആരാധനയില്‍ ഉപയോഗിക്കുന്നതിന്‍റെ കാരണം അതാവാം.  യഹൂദന്മാര്‍ അവരുടെ ആരാധനയില്‍ ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളുടെ സമാഹാരമാണ് നമ്മുടെ വേദപുസ്തകത്തിന്‍റെ ഭാഗമായിരിക്കുന്ന സങ്കീര്‍ത്തനങ്ങള്‍. സങ്കീര്‍ത്തനങ്ങളുടെ മാതൃകയില്‍ പില്‍ക്കാലത്ത് ക്രൈസ്തവസഭയില്‍ തന്നെ സങ്കീര്‍ത്തനങ്ങളുണ്ടായി. മാര്‍ അപ്രേം, മാര്‍ ബാലായി തുടങ്ങിയ സുറിയാനി സഭാപിതാക്കന്മാരുടെ സങ്കീര്‍ത്തനങ്ങളാണ് പ്രചാരത്തിലായത്. ധൂപപ്രാര്‍ഥനയില്‍ ചൊല്ലുന്ന ചില കീര്‍ത്തനങ്ങള്‍ സങ്കീര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
     അക്കാലത്തെ ഏറ്റവും നല്ല കാവ്യങ്ങളായിരുന്നു സങ്കീര്‍ത്തനങ്ങള്‍. ടഗോറിന്‍റെ ഗീതാഞ്ജലിയിലെ സങ്കീര്‍ത്തനങ്ങളെക്കാള്‍ ആഴമായ അര്‍ഥതലങ്ങള്‍ ഉള്ളവയും കാവ്യഭംഗിയുള്ളവയുമാണ് ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍. മനുഷ്യമനസ്സുകള്‍ അവയിലെ എല്ലാ വിചാരവികാരങ്ങളോട് കൂടിയും സങ്കീര്‍ത്തനങ്ങളില്‍ തുറന്നു വച്ചിരിക്കുന്നത് കാണാം.  സങ്കീര്‍ത്തനങ്ങള്‍ ആരാധനയില്‍ ഉപയോഗിക്കുമ്പോള്‍ ആരാധകര്‍ക്ക് അവരുടെ ഹൃദയങ്ങള്‍ പൂര്‍ണമായി ദൈവസന്നിധിയില്‍ തുറക്കുന്നതിന് അവ സഹായിക്കും.
19, 51, 63, 91, 113,  117, 119, 121, 133, 134, 141, 142, 148, 149, 150, എന്നീ സങ്കീര്‍ത്തനങ്ങളാണ് നമ്മുടെ യാമപ്രാര്‍ഥനകളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്.
       പെഷീത്താ ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെ ക്രമത്തില്‍  ഒരു ചെറിയ വ്യത്യാസമുണ്ട്.  പെഷീത്താ ബൈബിളിലെ 114 ആം സങ്കീര്‍ത്തനത്തില്‍ മറ്റ് ബൈബിളുകളിലെ 115 ആം സങ്കീര്‍ത്തനം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. സാധാരണ ബൈബിളിലെ 147 ആം സങ്കീര്‍ത്തനം പെഷീത്തായില്‍ രണ്ടു വ്യത്യസ്ത സങ്കീര്‍ത്തനങ്ങളായി കൊടുത്തിരിക്കുന്നു. അതുകൊണ്ടാണ് ചില സങ്കീര്‍ത്തങ്ങളുടെ നമ്പര്‍ വ്യത്യസ്തമായി കാണുന്നത്. ഉദാഹരണത്തിന് 118-ആം സങ്കീര്‍ത്തനം എന്ന് ആരാധനാക്രമത്തില്‍ കാണുന്നത് സാധാരണ ബൈബിളില്‍ 119-ആം സങ്കീര്‍ത്തനമാണ്. പെഷീത്താ ബൈബിളിലെ ക്രമമാണ് പലപ്പോഴും ആരാധനാക്രമത്തില്‍ കാണുന്നത്.
ഓരോ നേരങ്ങളിലും ചൊല്ലുന്ന സങ്കീര്‍ത്തനങ്ങളുടെ ഒരു പട്ടികയില്‍ നിന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ മനസിലാക്കാം. ഏഴു നേരത്തെ യാമപ്രാര്‍ഥനയില്‍, നാലുനേരങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നു. മൂന്നാം മണി, ആറാം മണി, ഒന്‍പതാം മണി എന്നീ നേരങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നില്ല. പകല്‍ സമയത്തുള്ള ഈ പ്രാര്‍ഥനകള്‍ക്ക് മറ്റ് സമയങ്ങളിലേതിനെക്കാള്‍ ചുരുങ്ങിയ സമയം മാത്രമേ എടുക്കുന്നുള്ളൂ. അതുകൊണ്ടാവും ഈ നേരങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.     
       സ്ലീബാനമസ്കാരത്തിലും ക്യംതാ നമസ്കാരത്തിലും ഒരേ സങ്കീര്‍ത്തങ്ങളാണ് ചൊല്ലുന്നത്. ക്യംതായിലെ പാതിരാത്രിയില്‍ ഒരു സങ്കീര്‍ത്തനം (133) അധികം ചൊല്ലുന്നു.   പ്രഭാത നമസ്കാരത്തില്‍ ക്യംതായില്‍ ഒന്ന് (19) അധികം ചേര്‍ത്തിരിക്കുന്നു.  
ഒരേ സങ്കീര്‍ത്തനം ഒരു ദിവസം തന്നെ പല പ്രാവശ്യം ആവര്‍ത്തിക്കുന്നുണ്ട്. സന്ധ്യക്കും പ്രഭാതത്തിലും 51 ആവര്‍ത്തിക്കുന്നു. പാതിരാത്രിയിലും പ്രഭാതത്തിലും 148, 149, 150 എന്നിവ ആവര്‍ത്തിക്കുന്നു.  പാതിരാത്രി നമസ്കാരവും പ്രഭാതനമസ്കാരവും ഒന്നിച്ചു ചൊല്ലുമ്പോള്‍  148,149, 150 എന്നീ സങ്കീര്‍ത്തനങ്ങള്‍ ഒരേ നേരം തന്നെ ആവര്‍ത്തിക്കുന്നു. സന്ധ്യക്കും പാതിരാത്രിയിലും 119 ഉണ്ടെങ്കിലും അവ 119-ലെ വ്യത്യസ്ത  ഭാഗങ്ങളാണ്, ആവര്‍ത്തനമല്ല.
        150 സങ്കീര്‍ത്തനങ്ങള്‍ ഉള്ളതില്‍ എന്തുകൊണ്ടാണ് ഈ സങ്കീര്‍ത്തനങ്ങള്‍ പിതാക്കന്മാര്‍ ആരാധനയില്‍ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യം പ്രസക്തമാണ്.  സന്ധ്യ, രാത്രി, പ്രഭാതം തുടങ്ങിയ സമയങ്ങളുമായി ബന്ധമുള്ള വാക്കുകള്‍ ചില സങ്കീര്‍ത്തനങ്ങളില്‍ ഉണ്ട്. അതുകൊണ്ടു അവ ഈ നേരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു കരുതാം.  
141: 2  വൈകുന്നേരം
63 കിടക്കയില്‍ ഓര്‍ത്തു
91:5 രാത്രി
121:6 രാത്രി
134:1 രാത്രി
113:3 സൂര്യോദയം
19 സൂര്യന്‍റെ യാത്ര, പകല്‍,  
മറ്റ് സങ്കീര്‍ത്തനങ്ങള്‍ അവയിലെ വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തതാവണം.
51 - അനുതാപം
91, 121 – ദൈവം സംരക്ഷകന്‍   
സങ്കീര്‍ത്തനപുസ്തകത്തിന് വെളിയിലുള്ള ചില സങ്കീര്‍ത്തനങ്ങളും ആരാധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറിയാമിന്‍റെ പാട്ട്  (ലൂക്കോസ് 1:46-55), ഏശായ 42:10-13, 45:8, മത്തായി 4:3-12  എന്നിവ ഉദാഹരണങ്ങള്‍.
      എങ്ങനെ നമുക്ക് സങ്കീര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ഥവത്തായി ആരാധനയില്‍ ഉപയോഗിക്കാന്‍ കഴിയും എന്ന് ചിന്തിക്കേണ്ടതാണ്. ചില നിര്‍ദ്ദേശങ്ങള്‍ കുറിക്കുന്നു.
1. 150 സങ്കീര്‍ത്തനങ്ങളില്‍ ഏതാണ്ട് 15 സങ്കീര്‍ത്തനങ്ങള്‍ മാത്രമേ നാം ആരാധനയില്‍ ഉപയോഗിക്കുന്നുള്ളൂ. അതായത് ഏതാണ്ട് പത്തില്‍ ഒന്ന്.  ഈ സ്ഥിതി മാറുന്നത് നല്ലതാണ്.  നമ്മുടെ പിതാക്കന്മാര്‍ ഈ 15 സങ്കീര്‍ത്തങ്ങള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് അവ മാത്രമേ നാം ആരാധനയില്‍ ഉപയോഗിക്കാവൂ എന്ന് മനസിലാക്കിക്കൂടാ. ആരാധനയില്‍ സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നതിന്‍റെ ഒരു മാതൃക അവര്‍ തന്നിരിക്കുന്നു എന്ന് മനസിലാക്കിയാല്‍ മറ്റ് സങ്കീര്‍ത്തനങ്ങളും ഉപയോഗിക്കാന്‍ നമുക്ക് സാധിയ്ക്കും. 150 സങ്കീര്‍ത്തനങ്ങളില്‍ മിക്കവയും നമ്മുടെ ആരാധനയില്‍ ഉപയോഗിക്കാന്‍ യോഗ്യമാണ്. ഒരേ സങ്കീര്‍ത്തങ്ങള്‍ തന്നെ ആവര്‍ത്തിക്കാതെ അവ മാറി മാറി ചൊല്ലുന്ന രീതി നാം വികസിപ്പിക്കേണ്ടതാണ്. ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ ഓരോ ആരാധനയ്ക്കും മുമ്പായി അന്ന് ചൊല്ലേണ്ട സങ്കീര്‍ത്തങ്ങള്‍ തെരഞ്ഞെടുക്കുകയും അവ ജനത്തെ അറിയിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
2. ഒരു സങ്കീര്‍ത്തനം ചൊല്ലുന്നതിന് മുമ്പായി അത് എന്തിനെക്കുറിച്ചാണ് എന്ന് ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് 51-ആം സങ്കീര്‍ത്തനം ചൊല്ലുന്നതിന് മുമ്പായി "നമുക്ക് ദാവീദ് രാജാവിനോടൊപ്പം അനുതാപത്തോടെ ഈ സങ്കീര്‍ത്തനം ചൊല്ലാം" എന്ന് പറഞ്ഞാല്‍ ജനത്തിന് അത് അര്‍ഥവത്തായി ചൊല്ലാന്‍ സാധിയ്ക്കും. 2013 ല്‍ ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച മലയാളം ബൈബിളില്‍ സങ്കീര്‍ത്തനങ്ങളുടെ വിഷയം കൊടുത്തിട്ടുണ്ട്. അതുപയോഗിച്ചു ഒരു സങ്കീര്‍ത്തനത്തിന്‍റെ വിഷയം എന്താണെന്ന് പറഞ്ഞ ശേഷം അത് ചൊല്ലിയാല്‍ അത് അര്‍ഥവത്താകും.
3. നാല് നേരത്തെ പ്രാര്‍ഥനകളില്‍ മാത്രമേ സങ്കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.  ആവശ്യത്തിന് സമയമുണ്ടെങ്കില്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ് അവ എന്നാണ് അതുകൊണ്ടു അര്‍ഥമാക്കേണ്ടത്.  അതുപോലെ സമയത്തിന്‍റെ ലഭ്യതപോലെ സങ്കീര്‍ത്തനങ്ങളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം എടുക്കേണ്ടതാണ്. ഉദാഹരണത്തിന് പെന്തിക്കോസ്തി പെരുന്നാള്‍ ദിവസം പ്രഭാതത്തില്‍ ഒരു സങ്കീര്‍ത്തനം മാത്രം ചൊല്ലാം എന്ന് തീരുമാനിക്കാം. സാധാരണ ക്യംതാ പ്രഭാതത്തില്‍ 9 സങ്കീര്‍ത്തങ്ങള്‍ ചൊല്ലാറുണ്ട്.
4. യഹൂദന്മാര്‍ സങ്കീര്‍ത്തനങ്ങള്‍ അവരുടെ ആരാധനയില്‍ ചൊല്ലിയിരുന്നത് പദ്യരൂപത്തിലാണ്. പദ്യം ഹൃദയത്തിന്‍റെ ഭാഷയാണ് ഗദ്യം ചിന്തയുടെ ഭാഷയും. എന്നാല്‍ അനേകം മൊഴിമാറ്റങ്ങള്‍ കടന്നു നമ്മുടെ കയ്യിലെത്തിയിരിക്കുന്നത് ഗദ്യരൂപത്തിലുള്ള സങ്കീര്‍ത്തനങ്ങളാണ്.  അവ വീണ്ടും പദ്യരൂപത്തില്‍ ചിലപ്പോഴെങ്കിലും ചൊല്ലാന്‍ കഴിയുന്നത് നല്ലതാണ്. സങ്കീര്‍ത്തനങ്ങള്‍ക്ക് പാടാന്‍ കഴിയുന്ന പദ്യരൂപം ഉണ്ടാക്കുകയും അവ ആരാധനയില്‍ ഉപയോഗിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
5. സങ്കീര്‍ത്തനങ്ങളുടെ നമ്പറുകള്‍ ആരാധനാക്രമത്തില്‍ കൊടുത്തിരിക്കുന്നത് പലപ്പോഴും പെഷീത്ത ബൈബിളിലെ ക്രമം അനുസരിച്ചാണ്. എന്നാല്‍ അവ സാധാരണ ഉപയോഗിയ്ക്കപ്പെടുന്ന  ബൈബിളിലെ നമ്പറുകളിലേക്ക് മാറ്റുന്നത് നന്നായിരിക്കും.
6. പൌരാണിക കാലത്ത് യഹൂദന്മാര്‍ ഉപയോഗിച്ചിരുന്ന സങ്കീര്‍ത്തനങ്ങളെ മാതൃകയാക്കിയാണ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ അപ്രേം ക്രൈസ്തവ കീര്‍ത്തനങ്ങള്‍ രചിച്ചത്. അതിനു ശേഷം ഏതാണ്ട് ഏഴാം നൂറ്റാണ്ടു വരെ പലരും ക്രൈസ്തവകീര്‍ത്തനങ്ങള്‍ രചിക്കുകയുണ്ടായി. ആധുനികകാലത്ത് നവീകരണസഭകളിലാണ് സങ്കീര്‍ത്തനങ്ങള്‍ ഉണ്ടായത്. നവീകരണസഭകളില്‍ ഉണ്ടായ കീര്‍ത്തനങ്ങള്‍ നമ്മുടെ കുടുംബപ്രാര്‍ഥനകളില്‍ നാം ഉപയോഗിക്കാറുണ്ട്. ഓര്‍ത്തഡോക്സ് സഭകളില്‍ ഇക്കാര്യത്തില്‍ ഒരു നവീകരണം ഉണ്ടാകേണ്ട കാലം വന്നിരിക്കുന്നു. ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെയും ആദിമ ക്രൈസ്തവപിതാക്കന്മാരുടെയും കാലടികള്‍ പിന്തുടര്‍ന്നു നമ്മുടെ കാലഘട്ടത്തിന് യോജിച്ച വിധത്തിലുള്ള സങ്കീര്‍ത്തങ്ങള്‍ നമുക്ക് ഉണ്ടാക്കാം.  

No comments:

Post a Comment