ആരാധനാക്രമത്തിലെ നിര്‍ദേശങ്ങള്‍

ഒരു ആരാധകസമൂഹം ദൈവത്തെ സ്തുതിക്കുന്നതും ദൈവമുമ്പാകെ അനുതപിക്കുന്നതും സ്വയം സമര്‍പ്പിക്കുന്നതും ആവശ്യങ്ങള്‍ അറിയിക്കുന്നതും മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കുന്നതുമൊക്കെയാണ് ആരാധനയുടെ ഉള്ളടക്കം.  കൂടാതെ ദൈവികചിന്തകള്‍ ധ്യാനിക്കാനുള്ള അവസരവുമാണ് ആരാധന.

ഒരു സമൂഹം ഒന്നിച്ചുകൂടി ഇത് ചെയ്യുമ്പോള്‍ അതിന് ഒരു ക്രമം ആവശ്യമാണ്.  ക്രമമില്ലാതെ ആരാധിക്കുന്നത് ദൈവത്തോടുള്ള അനാദരവാകും. ഇന്നത്തെ ക്രൈസ്തവസഭകളിലെ ആരാധനാക്രമങ്ങള്‍ പൌരാണിക ക്രൈസ്തവസഭകളില്‍ ഉണ്ടായിരുന്ന ക്രമങ്ങളില്‍ നിന്നു വികസിച്ചു പരിണമിച്ചതാണ്. പൌരാണിക ക്രൈസ്തവസഭകളുടേതാകട്ടെ യഹൂദമതത്തിലെ ആരാധനാക്രമങ്ങളുടെ വികാസരൂപങ്ങളാണ്.

എപ്പോഴും എല്ലാവരും കൂടിച്ചേര്‍ന്ന് പ്രാര്‍ഥിക്കുന്നതിന് പകരം എല്ലാവരെയും പ്രതിനിധാനം ചെയ്തുകൊണ്ട് ഒരാള്‍ പ്രാര്‍ഥന ചൊല്ലുന്നത് ക്രമത്തിന്‍റെ ഭാഗമാണ്. ആരാധനയ്ക്ക് നേതൃത്വം നല്‍കുന്നയാള്‍ ആരാധകസമൂഹത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്തുകൊണ്ടാണ് പ്രാര്‍ഥിക്കുന്നത്. വൈദികന്‍റെ പ്രാര്‍ഥനയ്ക്കൊടുവില്‍ ജനം ആമേന്‍ പറഞ്ഞ് അത് തങ്ങളുടെ പ്രാര്‍ഥനയാണ് എന്ന് അംഗീകരിക്കുന്നു.

ദൈവസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന ത്രോണോസിന്‍റെ നേരെയാണ് ആരാധകസമൂഹം നില്‍ക്കുന്നത്. ജനപ്രതിനിധിയായി പുരോഹിതന്‍ ത്രോണോസിന്‍റെ മുമ്പില്‍ നില്‍ക്കുന്നു. കാസായും പീലാസയുമായി ജനത്തിന്‍റെ നേരെ തിരിയുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥനകളൊഴിച്ചാല്‍ എല്ലാ പ്രാര്‍ഥനകളും ത്രോണോസിന്‍റെ നേരെ തിരിഞ്ഞാണ് വൈദികന്‍ ചൊല്ലുന്നത്.

ഇടയ്ക്കിടെ അദ്ദേഹം ജനത്തിന്‍റെ നേരെ തിരിഞ്ഞു അവരെ  അഭിവാദ്യം ചെയ്യുകയും ആശീര്‍വദിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുന്നു.  വേദപുസ്തകം വായിക്കുമ്പോഴും ജനത്തിന്‍റെ നേരെ തിരിയുന്നു. ശുശ്രൂഷകരും ജനത്തിന്‍റെ നേരെ തിരിഞ്ഞാണ് വേദപുസ്തകം വായിക്കുന്നത്.

ശ്ലോമോ ല് കുല്‍ക്കുന്‍ (നിങ്ങള്‍ക്ക് സമാധാനം) വല്‍ റൂഹോ ദീലോക്ക് (അങ്ങയോട് കൂടെയും) എന്നത് ഇസ്രായേലിലെ അഭിവാദ്യരീതിയായിരുന്നു.    ജനത്തിന്‍റെ നേരെ തിരിഞ്ഞാണ് വൈദികന്‍ അഭിവാദ്യം ചെയ്യുന്നത്.

ജനത്തെ ആശീര്‍വദിക്കുമ്പോഴും വൈദികന്‍ ജനത്തിന്‍റെ നേരെ തിരിയുന്നു. 
  • “പിതാവാം ദൈവത്തിന്‍റെ സ്നേഹവും .......... “
ഇടയ്ക്കിടെ വൈദികന്‍ ജനത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുന്നു.
  • "നാം എല്ലാവരും പ്രാര്‍ഥിച്ച് കര്‍ത്താവിനോട് അനുഗ്രഹങ്ങളും കരുണയും യാചിക്കണം"
  • "ഈ നാഴികയില്‍ നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും മേലില്‍ പിതാവാം ദൈവത്തിന്‍റെ വലഭാഗത്ത് പുത്രന്‍ തമ്പുരാന്‍ ഇരിക്കുന്ന ഇടമായ മഹോന്നതങ്ങളില്‍ ആയിരിക്കണം"
  • “ഭയഭക്തിയോടെ കര്‍ത്താവിനെ നമുക്ക് സ്തോത്രം ചെയ്യാം"

ഈ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ വൈദികന്‍ ജനത്തിന്‍റെ നേരെ തിരിയാറില്ല. ജനത്തിന്‍റെ നേരെ തിരിഞ്ഞു ഈ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അവ കുറെക്കൂടി അര്‍ഥവത്തായി ജനത്തിന് അനുഭവപ്പെടും.  അങ്ങനെയൊരു മാറ്റത്തെപ്പറ്റി ആരാധനാപരിഷ്കരണത്തിന് ചുമതലപ്പെട്ടവര്‍ ചിന്തിക്കുന്നത് കൊള്ളാം.

പുരോഹിതനെ പ്രതിനിധാനം ചെയ്തുകൊണ്ട് മറ്റെല്ലാ നിര്‍ദേശങ്ങളും ജനത്തിന് നല്‍കുന്നത് ശുശ്രൂഷകരാണ്. 
  • "നാം അടക്കത്തോടും ഭയത്തോടും ചെവികൊടുത്ത് നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന ....”
  • “അനുഗ്രഹിക്കുന്നവനായ കര്‍ത്താവിന്‍റെ മുമ്പാകെയും .....”
  • “ദിവ്യ ജ്ഞാനം ശ്രദ്ധിച്ചുകൊണ്ട് ...”
  • “സ്തൌമന്‍ കാലോസ്"
  • “ദൈവമായ കര്‍ത്താവിന്‍റെ ...... സമാധാനം കൊടുക്കണം"
  • “സഹോദരങ്ങളെ നാം എല്ലാവരും ഭംഗിയോടും ......”
  • “എന്‍റെ വാല്‍സല്യമുള്ളവരെ ജീവനുള്ള .....”
  • “അണയ്ക്കപ്പെട്ട ഈ ,,,”
  • “ഭയത്തോടും വിറയലോടും ...”
  • “നാം അട്ടഹസിച്ചു പറയണം"

ഈ നിര്‍ദേശങ്ങളെല്ലാം ആരാധനയുടെ വിവിധ ഘട്ടങ്ങളില്‍ ശുശ്രൂഷകന്‍ നല്‍കുന്നവയാണ്.  ജനങ്ങള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ശുശ്രൂഷകന്‍ ജനത്തിന് നേരെ തിരിയാറില്ല. ജനത്തിന് നേരെ തിരിഞ്ഞു പറഞ്ഞിരുന്നെങ്കില്‍ അത് ജനത്തിന് കുറെക്കൂടി അര്‍ഥവത്തായി തോന്നിയേനെ. ശുശ്രൂഷകന്‍ ജനത്തിന് നേരെ തിരിഞ്ഞു വേദപുസ്തകം വായിക്കുന്നത് അത് അവര്‍ക്ക് കേള്‍ക്കാന്‍ വേണ്ടിയുള്ളതായത് കൊണ്ടാണ്. അതുപോലെ ഈ നിര്‍ദേശങ്ങളും ജനം കേള്‍ക്കാനുള്ളതാണ് അത് അവരുടെ നേരെ തിരിഞ്ഞു തന്നെ നല്‍കുന്നതാണ് ഉചിതം.  ദൈവം കേള്‍ക്കാനുള്ളത് ദൈവത്തിന് നേരെയും ജനം കേള്‍ക്കാനുള്ളത് ജനത്തിന് നേരെയും തിരിഞ്ഞു പറയുന്നതാണ് ഉചിതം.

മാത്രമല്ല, ഈ നിര്‍ദേശങ്ങള്‍ ശുശ്രൂഷകന്‍ നല്‍കുന്നത് ദൈവത്തോട് പ്രാര്‍ഥിക്കുന്ന  ടോണിലാണ് (tone). ജനത്തിന് ഒരു നിര്‍ദേശം നല്‍കുന്നത് മറ്റൊരു ടോണിലാകുന്നത് അര്‍ത്ഥം വ്യക്തമാക്കും.   പ്രാര്‍ഥനയുടെ ടോണും നിര്‍ദേശത്തിന്‍റെ ടോണും വ്യത്യസ്തമായിരിക്കണം . 

No comments:

Post a Comment