കര്‍ത്താവേ കൃപചെയ്യണമേ എന്ന ഗാനത്തിന്‍റെ ലളിതരൂപം

സുറിയാനി ക്രിസ്ത്യാനികള്‍ ദിവസവും ഉറങ്ങുന്നതിന്  മുമ്പായി ആലപിക്കുന്ന ഒരു ധ്യാനകീര്‍ത്തനമാണ്  ഞാനിവിടെ ലളിതമായ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയിരിക്കുന്നത്. മനസിലാക്കാന്‍ പ്രയാസമുള്ള പല വാക്കുകളും പ്രയോഗങ്ങളും ഇതില്‍ ഒഴിവാക്കിയിരിക്കുന്നു. ദൈവത്തെ അങ്ങ്, അവിടുന്ന്  എന്നിങ്ങനെ സംബോധന ചെയ്തിരിക്കുന്നു. ഇപ്പോള്‍ ചൊല്ലുന്ന ഗാനത്തിന്‍റെ സ്ഥാനത്ത് ഈ ഗാനം ചൊല്ലണം എന്നു ഉദ്ദേശിച്ചല്ല ഇത് എഴുതിയത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്‍റെ  ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു.

കൃപ ചെയ്താലും കര്‍ത്താവേ
അടിയാരുടെ യാചന കേട്ട്
അങ്ങേ സന്നിധിയില്‍ നിന്നും 
അലിവുമനുഗ്രവും നല്‍ക

നിദ്ര വെടിഞ്ഞങ്ങുണര്‍വോടെ
അങ്ങേ സന്നിധെയെത്താനും 
തിന്മയശേഷം തീണ്ടാതെ
വീണ്ടുമുറങ്ങാനും കൃപ ചെയ്

ഉണര്‍വില്‍ പാപം ചെയ്തീടില്‍
ക്ഷമയരുളീടേണം നാഥാ
നിദ്രയില്‍ പാപം ചെയ്തീടില്‍
മോചനമരുളേണം നാഥാ

അങ്ങേ വിജയ സ്ലീബായാല്‍ 
നല്ലയുറക്കം തന്നാലും
മനസിനെ മായക്കാഴ്ചകളില്‍
നിന്നും നന്നായ് കാത്താലും

ഞങ്ങളുറങ്ങും നേരത്ത്
പൈശാചികമാം ചിന്തകളും
ദുഷ്ടവികാരങ്ങളുമേതും 
മനസില്‍ ഭരണം ചെയ്യരുതേ

ദേഹം നന്നായ് കാത്തീടാന്‍ 
അങ്ങേ ദൂതരെ വിട്ടാലും
ദുര്‍മോഹങ്ങളില്‍ വീഴാതെ
മാനസവും കാത്തീടണമേ 

ഉള്ളില്‍ വാസം ചെയ്തീടും 
തിരുമെയ്യും തിരുരക്തമതും
കാത്തീടേണം ഈ രാവില്‍
ദേഹീദേഹങ്ങളെ നന്നായ് 

അങ്ങേ പ്രതിമകളായീടും 
അടിയാര്‍ക്കേകുക സ്വാതന്ത്ര്യം
അങ്ങേ കരവിരുതാമടിയാ- 
രേക്കാത്താലും തൃക്കൈകള്‍  

ബലവത്താമൊരു കോട്ടസമം
അങ്ങേ കരുണ മറച്ചാലും  
സുരഭിലധൂപത്തെപ്പോലീ
ശയനത്തെ കൈക്കൊണ്ടാലും

അങ്ങേ മാതൃപ്രാര്‍ഥനയാല്‍
ശയ്യയൊടടുക്കരുതേ ദുഷ്ഠന്‍
അങ്ങേയാത്മ ബലിയാലേ
കാക്കുക സാത്താനില്‍ നിന്നും  

അങ്ങേ വാഗ്ദാനം പോലെ
കുരിശാല്‍ കാക്കണമടിയാരേ 
ഉണരുമ്പോഴങ്ങേ വാഴ്ത്താന്‍
കാക്കുകയടിയരെ അന്‍പാല്‍

തിരുഹിതമെന്തെന്നറിവാനും
അത് ദിനവും പാലിപ്പാനും
ശാന്തി നിറഞ്ഞൊരു സന്ധ്യയതും
രാവും ഞങ്ങള്‍ക്കേകണമേ

ഈ രാവിങ്കല്‍ ശാന്തിയോടെ
തിരുസവിധത്തിലുറങ്ങാനും 
തിരുഹിതമെങ്കില്‍ പുലര്‍കാലേ
സ്തുതി പാടീടാനും കൃപ ചെയ്

ജ്യോതിസിന്നുറവവിടുന്ന്
ജ്യോതിസില്‍ വാസം ചെയ്വൂ
ജ്യോതിസിന്‍ മക്കള്‍ ദിനവും 
അങ്ങേ ആരാധിക്കുന്നു

ജ്യോതിസില്‍ വാസം ചെയ്യും
രക്ഷകനാമീശോ സ്തോത്രം
ഇഹപരലോകങ്ങളിലങ്ങേ 
കൃപ ഞങ്ങള്‍ക്കുണ്ടാകണമെ

സ്വര്‍ഗോന്നതികളിലീറേന്മാര്‍
അനവരതം സ്തുതി പാടുംപോല്‍
പാപികളാം മാനവര്‍ ഞങ്ങള്‍
അങ്ങേ സ്തുതികള്‍ പാടുന്നു

പിതൃസുതപരിശുദ്ധാത്മാവം
ത്രിയേകന്‍ ദേവാ സ്തോത്രം
സ്തോത്രം സ്തോത്രം കര്‍ത്താവേ
ആയിരമായിരമായ് സ്തോത്രം

പ്രാര്‍ഥന കേട്ടീടും നാഥാ
യാചന നല്‍കീടും നാഥാ
അടിയാരുടെ പ്രാര്‍ഥന കേട്ടു
യാചനകള്‍ നല്‍കീടണമേ


 ഉള്ളടക്കം

No comments:

Post a Comment