ഗദ്യവും പദ്യവും ആരാധനയില്‍

നാം സാധാരണ ഗദ്യത്തില്‍ ചൊല്ലുന്ന ചില പ്രാര്‍ഥനകള്‍ ഞാനിവിടെ പദ്യമാക്കി മാറ്റിയിരിക്കുന്നു. ഇവയെല്ലാം അന്‍പുടയോനെ നിന്‍ വാതില്‍ അല്ലെങ്കില്‍ കര്‍ത്താവേ കൃപ ചെയ്യണമേ എന്നീ ഗാനങ്ങളുടെ രീതിയില്‍ പാടാവുന്നതാണ്. ഗദ്യവും പദ്യവും തമ്മിലുള്ള വ്യത്യാസം കാണിക്കുക മാത്രമാണു ഇതിന്‍റെ ഉദ്ദേശം.

ഒരു കൌമാ
സ്തുതി താതന്നും സുതനും പരിശുദ്ധാത്മാവിന്നും
ആകണമങ്ങനെ ആദിമുതല്‍ ഇന്നും എന്നേയ്ക്കും തന്നെ

തന്‍സ്തുതിയാല്‍ഭൂവാനങ്ങള്‍ തിങ്ങീടും ബലവാന്‍ ദൈവം
തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍

ദൈവമാകും കര്‍ത്താവിന്‍ നാമത്തിങ്കല്‍ വന്നവനും
വരുവാനിരിപ്പവനും വാഴ്ത്തപ്പെട്ടവനാകുന്നു

പരിശുദ്ധന്‍ ദേവ അങ്ങ് പരിശുദ്ധന്‍ ശക്താ അങ്ങ്
പരിശുദ്ധനമര്‍ത്യാ അങ്ങ് ക്രൂശേറ്റോനെ ചെയ് കരുണ

കാരുണ്യം ചെയ് കര്‍ത്താവേ കാരുണ്യം ചെയ് കൃപയുണ്ടായ്
കാരുണ്യം ചെയ് കൈക്കൊണ്ടി പ്രാര്‍ഥനയും ശുശ്രൂഷകളും

ദൈവമേ സ്തുതിയങ്ങേയ്ക്കു സൃഷ്ടാവേ സ്തുതിയങ്ങേയ്ക്കു
പാപികളടിയാരില്‍ കൃപ ചെയ്യും മശിഹാ സ്തുതിയങ്ങേയ്ക്കു

സ്വര്‍ഗസ്ഥ പിതാവേ അങ്ങേ നാമം പാവനമാകേണം
ഞങ്ങള്‍ പാര്‍ക്കും ഭൂമിയിലും അങ്ങേ രാജ്യം വന്നീടേണം
അങ്ങേയിഷ്ടം ആകേണം സ്വര്‍ഗത്തെപ്പോല്‍ ഭൂമിയിലും
ഞങ്ങള്‍ക്കാവശ്യമുള്ളതു പോല്‍ ആഹാരം അങ്ങേകണമേ
ഞങ്ങളോടു കടപ്പെട്ടിരിപ്പവരോടു ക്ഷമിപ്പതുപോല്‍
അങ്ങയോടു കടപ്പെട്ടോരാം ഞങ്ങള്‍ക്കും ക്ഷമയരുള്‍ക
ദുഷ്ടന്‍ സാത്താനില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കണമേ
ദുഷ്ടര്‍ക്കുള്ളോരന്ത്യ വിധിയില്‍ നിന്നും കാത്തീടണമേ
രാജ്യം ശക്തി മഹത്വവും അങ്ങയുടേതെന്നെന്നേയ്ക്കും

ദൈവകൃപ പ്രാപിച്ച മറിയാമെ വന്ദനം അങ്ങേയ്ക്ക്
തമ്പുരാനങ്ങയോടൊപ്പം നാരികളില്‍ വാഴ്ത്തപ്പെട്ടോള്‍
അങ്ങേയുദരത്തിന്‍ ഫലമാം നമ്മുടെ കര്‍ത്താവാം യേശു
മശിഹായും വാഴ്ത്തപ്പെട്ടോന്‍ ദൈവമാതാ മറിയാമെ
പാപികളാം ഞങ്ങള്‍ക്കായി ഇപ്പൊഴും എല്ലാ നേരത്തും
വാങ്ങിപ്പോകും നേരത്തും കര്‍ത്താവോടപേക്ഷിക്ക

ശുദ്ധമുള്ള ബാവ
പരിശുദ്ധ പിതാവേ അങ്ങേ തിരുനാമത്താല്‍ കാക്കണമേ
രക്ഷകനാം പുത്രാ അങ്ങേ ജയസ്ലീബായാല്‍ മറയ്ക്കണമേ
പരിശുദ്ധാത്മാവേ അങ്ങു ഞങ്ങളില്‍ വാസം ചെയ്യണമേ
അങ്ങേ ചിറകുകളിന്‍ നിഴലില്‍ ഞങ്ങളെ സംരക്ഷിക്കണമേ

ഉയരപ്പെട്ടവന്‍റെ മറയിലിരിക്കുന്ന
അത്യുന്നതനുടെ വലഭാഗെ നില്‍ക്കും നാഥാ അവിടുത്തെ
കരുണാചിറകിന്‍ അടിയാരേ ദിനവും സംരക്ഷിക്കണമേ
സര്‍വും ശ്രവിപ്പോനെ ഈ പ്രാര്‍ഥനയും കേട്ടാലും
ശാന്തി നിറഞ്ഞൊരു സന്ധ്യയതും രാവും ഞങ്ങള്‍ക്കേകണമേ

അങ്ങയിലേക്കെന്‍ നയനങ്ങള്‍ നോക്കിയിരിക്കുന്നെപ്പോഴും
കടപാപങ്ങള്‍ മോചിച്ചിരു ലോകങ്ങളിലും ചെയ് കരുണ
അങ്ങേ കരുണ മറയ്ക്കണമേ കൃപ ഞങ്ങളെ ശോഭിപ്പിക്ക
അങ്ങേ സ്ലീബാ ദുഷ്ടങ്കല്‍ നിന്നും കാക്കണമെന്നാളും

ആയുഷ്കാലം മുഴുവനിലും വലതുകരത്താല്‍ കാക്കണമേ
വാഴ്കെങ്ങളില്‍ ദിവ്യശാന്തി ശരണവും രക്ഷയും ഏവര്‍ക്കും
അങ്ങേ മാതാവിന്നുടെയും ശുദ്ധരുടെയും പ്രാര്‍ധനയാല്‍
കടഭാരങ്ങളെ മോചിച്ചു കാരുണ്യം കാട്ടീടണമേ

ഉറക്കമില്ലാത്ത ഉണര്‍വുള്ളവനായ
ഒരിയ്ക്കലുമുറങ്ങാതെപ്പോഴും ഉണര്‍വോടിരിക്കും സര്‍വേശാ
സ്തുതിയങ്ങേക്കര്‍പ്പിച്ചീടാന്‍ പാപനിദ്രയില്‍ നിന്നുണര്‍ത്തണമെ
ജീവന്നുറവേ മൃതിരഹിതാ മരണത്തിന്നടിമത്തത്തില്‍
നിന്നും ഞങ്ങളെ സംരക്ഷിച്ചങ്ങേ ജീവനില്‍ കാക്കണമേ
അനവരതം അങ്ങേ കീര്‍ത്തിക്കും സാറാഫുകളോടൊപ്പം
യോഗ്യതയരുളണമടിയാര്‍ക്കും സ്തുതിഗീതങ്ങള്‍ പാടിടുവാന്‍

അന്‍പത്തി ഒന്നാം സങ്കീര്‍ത്തനം
അങ്ങേ കൃപ പോലെ ദേവാ എന്മേല്‍ കാരുണ്യം ചെയ്ക
അങ്ങേ കരുണാ ബഹുലതയാല്‍ എന്‍ പാപങ്ങള്‍ മായിക്ക
എന്നുടെ അന്യായത്തില്‍ നിന്നെന്നെക്കഴുകണമേ നന്നായ്
എന്നുടെ വന്‍ പാപങ്ങളില്‍ നിന്നെന്നെ വെടിപ്പാക്കീടണമേ

എന്തെന്നാല്‍ ഞാനറിയുന്നു എന്നുടെയത്യപരാധങ്ങള്‍
എന്നുടെ മുന്നില്‍ ദര്‍ശിപ്പു എന്നുടെ അതിക്രമ കര്‍മ്മങ്ങള്‍
അങ്ങയോട് ചെയ്തേന്‍ പാപം തിന്മകള്‍ തിരുമുമ്പില്‍ ചെയ്തേന്‍
അങ്ങോ നിര്‍മലനായീടും വിധി കര്‍ത്താവെന്നതു സത്യം

എന്‍ മാതാവിന്നുദരത്തില്‍ ഉരുവായീടും നേരത്തില്‍
പോലും പാപച്ചെളിയാല്‍ ഞാന്‍ അഭിഷേകം ചെയ്യപ്പെട്ടു
കപടതയല്ല സത്യം അങ്ങിഛീച്ചീടുന്നെന്നതുപോല്‍
കപടത ലേശം തീണ്ടാത്ത സത്യജ്ഞാനം നല്‍കിടണേ

എന്നുള്ളം നിര്‍മ്മലമാകാന്‍ ഈസോപ്പായാല്‍ തളിക്കണമേ
വെണ്മ ഹിമത്തെക്കാള്‍ നേടാന്‍ എന്നെക്കഴുകണമേ നന്നായ്
എത്തീടട്ടെ ആനന്ദം എന്നുടെ അസ്ഥികളില്‍ പോലും
എന്‍ പാപങ്ങളശേഷം മായിച്ചാലും അവ കാണാതെ

എന്നുള്ളില്‍ സൃഷ്ടിച്ചാലും നിര്‍മലമായീടും ഹൃദയം
പുതുതാക്കീടണമേ ദേവാ സ്ഥിരമായോരാത്മാവിനെയും
എന്നെ തള്ളിക്കളയരുതേ തിരുമുമ്പില്‍ നിന്നും ദേവാ
എന്നില്‍ നിന്നുമെടുക്കരുതെ അങ്ങേ ശുദ്ധാത്മാവിന്നെ

രക്ഷയിന്‍ ആഹ്ലാദം ദേവാ തിരികെത്തന്നിടണേ എന്നില്‍
ഒരുക്കമുള്ളോരു മനസ്സെന്നില്‍ നന്നായ് കാക്കണമെന്നാളും
നേര്‍വഴി വിട്ടു നടപ്പോരെ കാട്ടും ഞാനങ്ങേ പാത
അങ്ങേ പാതയിലേക്കാനുതാപത്തോടവരങ്ങനെയെത്തും

രക്തം ചിന്താതടിയാനെ കാക്കണമേ ദേവാ ദയവായ്
അപ്പോഴെന്‍ നാവുച്ചത്തില്‍ അങ്ങേ രക്ഷ പ്രകീര്‍ത്തിക്കും
എന്നധരങ്ങള്‍ തുറന്നാലും വായ്‌ അങ്ങേ സ്തുതി പാടട്ടെ
ബലികളില്‍ അങ്ങാഹ്ലാദിക്കാ അങ്ങേറെ വെറുപ്പൂ യാഗം

അങ്ങേ തിരുഉള്ളത്തെയാഹ്ലാദിപ്പിക്കും ബലിയൊന്ന്
അനുതാപത്തിന്‍ ഭാരത്താല്‍ തകരും മാനവഹൃദയം താന്‍
യേരുശലെമിന്‍ മതിലുകളെ തിരുഹിതമെങ്ങില്‍ പണിയണമേ
അപ്പോള്‍ തിരുഹിതമായീടും ബലികളണച്ചീടും ഞങ്ങള്‍


No comments:

Post a Comment